തിരുവനന്തപുരം: വഴയില ആറാംകല്ലിലെ ഇരട്ടക്കൊലപാതകമടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ലോഡ്‌ജ് മുറിയില്‍ ഒപ്പം മദ്യപിച്ച സുഹൃത്തുക്കള്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.തടസംപിടിച്ച മറ്റൊരു സുഹൃത്തിനെയും ചുറ്റികയ്ക്കടിച്ചു. രണ്ടുപേരെ അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തു.
വഴയില കുന്നുംപുറത്ത് വിഷ്ണുവിഹാറില്‍ മണിച്ചന്‍ എന്നുവിളിക്കുന്ന വിഷ്ണു (32) ആണ് ഇന്നലെ പുലര്‍ച്ചെ മൂന്നിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇയാളുടെ തല തകര്‍ന്ന നിലയിലാണ്. ഗുരുതര പരിക്കേറ്റ തിരുമല ആറാമട കണിയാംവിളാകത്ത് രഞ്ജിത് എന്ന ഹരികുമാര്‍ (39 ) ചികിത്സയിലാണ്. പേരൂര്‍ക്കട മണികണ്ഠേശ്വരം ചിത്രഭവനില്‍ അരുണ്‍ ജി. രാജ് (32), മണികണ്ഠേശ്വരം നവജ്യോതി ലാല്‍നിവാസില്‍ ദീപക് ലാല്‍ (33) എന്നിവരാണ് അറസ്റ്റിലായത്.ബുധനാഴ്ച രാത്രി ഒന്‍പതരയോടെ വഴയില ഏണിക്കരയ്ക്ക് സമീപത്തെ ആരാമം ലോഡ്‌ജിലാണ് സംഭവം. മദ്യപിക്കുന്നതിനിടെ അരുണ്‍ പാടിയ തമിഴ്പാട്ടിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിഷ്ണു ആക്രമിക്കാന്‍ തുനിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതികളുടെ മൊഴി.പൊലീസ് പറയുന്നത്: രണ്ടുദിവസം മുന്‍പ് ഹരികുമാറാണ് മുറിയെടുത്തത്. ബുധനാഴ്ച വൈകിട്ടോടെ വിഷ്ണു എത്തി. ഒപ്പം മദ്യപിക്കാനായി ദീപക് ലാലിനെയും വിളിച്ചു. ഇയാള്‍ വിളിച്ചതനുസരിച്ചാണ് അരുണ്‍ എത്തിയത്. ആറുമാസം മുന്‍പ് അരുണിനെ വിഷ്‌ണു മര്‍ദ്ദിച്ച സംഭവം പറഞ്ഞുതീര്‍ക്കാന്‍ കൂടിയാണ് സംഘം ഒരുമിച്ചത്.