വിതുര: വാമനപുരം നദിയിലെ വിതുര താവയ്ക്കല്‍ കടവില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കയത്തില്‍ മുങ്ങിമരിച്ചു.വെഞ്ഞാറമൂട് മാണിക്കല്‍ കുതിരകുളം വാദ്ധ്യാരുകോണം തടത്തരികത്ത് വീട്ടില്‍ വില്‍സണ്‍-എസ്തേര്‍ ദമ്പതികളുടെ മകന്‍ വിനേഷ് (34) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. പേരൂര്‍ക്കട ഡിവൈന്‍ഗ്രേസ് ചര്‍ച്ചിലെ സുവിശേഷകനായ വിനേഷ് ആര്യനാട് പുറുത്തിപ്പാറ അംബേദ്ക്കര്‍ കോളനിയില്‍ ബൈബിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. കണ്‍വെന്‍ഷന്‍ സ്ഥലത്ത് വെള്ളമില്ലാത്തതിനാല്‍ വിനേഷും പത്തോളം പേരും രാവിലെ താവയ്ക്കല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനെത്തിയപ്പോഴാണ് കയത്തില്‍പ്പെട്ടത്.ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു.കയത്തില്‍ മുങ്ങിയ വിനേഷിനെ ഉടന്‍ സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്ത് വിതുര ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.