കിളിമാനൂര്‍ : യാത്രയ്ക്കിടെ കെ.എസ്.ആര്‍.ടി ബസിലെ കണ്ടക്ടറേയും ഡ്രൈവറേയും ആക്രമിച്ച യുവാവ് അറസ്റ്റില്‍. കല്ലറ, പള്ളിമുക്ക് ചരുവിളപുത്തന്‍ വീട്ടില്‍ റഹീമി(38)നെയാണ് കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയ്ക്ക് 2.30 ന് എം.സി. റോഡില്‍ കാരേറ്റിലായിരുന്നു സംഭവം. തമ്പാനൂരില്‍ നിന്ന് കൊട്ടാരയ്ക്ക് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട കെ. പി .എ 648-ാം നമ്പര്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ കാരേറ്റ് ഇറങ്ങുന്നതിനായി ടിക്കറ്റെടുത്ത് യാത്ര ചെയ്യുകയായിരുന്നു പ്രതി. കാരേറ്റ് എത്തിയിട്ടും ഇറങ്ങാതെ ബസിലിരുന്ന് ഉറങ്ങിയ യുവാവിനെ കണ്ടക്ടര്‍ വിളിച്ചുണര്‍ത്തിയതോടെ അസഭ്യം വിളിച്ചുകൊണ്ട് അക്രമാസക്തനാകുകയായിരുന്നു.കണ്ടക്ടറെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ച ഡ്രൈവറേയും യുവാവ് മര്‍ദ്ദിച്ചുവിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ യുവാവിനെ കീഴ്പ്പെടുത്തി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് യുവാവ് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വസ്ത്രങ്ങള്‍ ഊരിയെറിയുകയും മലമൂത്രവിസര്‍ജ്ജനം നടത്തിയ ശേഷം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരേ വിസര്‍ജ്യം വാരിയെറിഞ്ഞ് വീണ്ടും അക്രമാസക്തനായി.തുടര്‍ന്ന് ആരോഗ്യ പരിശോധനയ്‌ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും പ്രതി ബഹളമുണ്ടാക്കി. ആരോഗ്യ പ്രവര്‍ത്തകരും പൊലീസുകാരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി.പ്രതി മയക്കുമരുന്നിന് അടിമയാണെന്നും പാങ്ങോട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.