കോട്ടയം : കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി വളപ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് പണവും പേഴ്‌സും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍.മറ്റൊരു കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ആളാണ് വീണ്ടും മോഷണം നടത്തിയത്. വണ്ടിപെരിയാര്‍ സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. പീരുമേട് വണ്ടിപ്പെരിയാര്‍ സ്വദേശി ഹെന്റിക്സിന്‍റെ കാറിന്റെ ഡോറിന്‍റെ ചില്ല് അടിച്ച് പൊട്ടിച്ചാണ് സുരേഷ് മോഷണം നടത്തിയത്. രാത്രി ഒന്‍പതോടെ ഹെന്‍റിക്സ് കാറിന്റെ സമീപത്ത് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടര്‍ന്ന് എയ്ഡ് പോസ്റ്റിലെ എ. എസ്.ഐ. സന്തോഷ് കുമാറിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവിനായി തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഓട്ടോ റിക്ഷാ തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെഅടിസ്ഥാനത്തില്‍ ഈ സമയത്ത് പൊന്‍കുന്നത്തേക്ക് ഒരാള്‍ ഓട്ടം വിളിച്ചതായി കണ്ടെത്തി. പൊന്‍കുന്നത്ത് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ ബാറില്‍ നിന്ന് മദ്യപിച്ച് പോയിട്ടുണ്ടെന്നും വിവരം ലഭിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കുന്നുംഭാഗത്തെ വെയിറ്റിങ് ഷെഡില്‍ സംശയാസ്പദമായ നിലയില്‍ വണ്ടിപ്പെരിയാര്‍ ഡൈമക്ക് നിവാസിയായ സുരേഷിനെകണ്ടെത്തുകയായിരുന്നു.
ഇയാളുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നു. ഭാര്യയോട് വിവരങ്ങള്‍ തിരക്കിയ ശേഷം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.