തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ പ്രഖ്യാപനവുമായി ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റ്. സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി ആരംഭിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാല്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു.പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നാണ് പ്രഖ്യാപനം. ഇതിനായി മറ്റ് സംസ്ഥാനങ്ങളിലെ പദ്ധതികളെ കൂടി പരിശോധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.സംസ്ഥാന സർക്കാർ ജീവനക്കാർക്കിടെയില്‍ ഏറ്റവും വലിയ ചർച്ച വിഷയമാണ് പങ്കാളിത്ത പെൻഷൻ. പങ്കാളിത്ത പെൻഷൻകൊണ്ട് കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് വലിയ നേട്ടമില്ലെന്ന പുന:പരിശോധനാ സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ നവംബറില്‍ പുറത്തുവന്നിരുന്നു. പങ്കാളിത്ത പെൻഷൻ പദ്ധതി തുടരേണ്ടെന്നാണ് സംസ്ഥാനത്തെ ഭൂരിപക്ഷം സർക്കാർ ജീവനക്കാരും ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ പെൻഷൻ പദ്ധതി കൊണ്ടുവരുന്നത് സർക്കാർജീവനക്കാരും സ്വാഗതം ചെയ്യുമെന്നാണ് കരുതുന്നത്.
പങ്കാളിത്ത പെൻഷൻ പദ്ധതി തുടരണോ പിൻവലിക്കണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ അതിന്റെ ഗുണദോഷങ്ങള്‍ ചൂണ്ടിക്കാട്ടിയും ചെയ്യാവുന്ന കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയും ജീവനക്കാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചും 116 പേജുള്ള റിപ്പോർട്ടാണ് 2021ല്‍ സമിതി സമർപ്പിച്ചത്.