കോഴിക്കോട് : മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം വില്പനക്കായി കൊണ്ടുവന്ന 84 ഗ്രാം മാരക ലഹരിമരുന്നായ എംഡിഎംഎയും 18 ഗ്രാം ഹാഷിഷുമായി മൂന്നു പേര്‍ പിടിയിലായി.പയ്യാനക്കല്‍ സ്വദേശികളായ തിരുത്തിവളപ്പ് അബ്ദുല്‍നാസര്‍ (36),പണ്ടരത്ത് വളപ്പ് ഷറഫുദ്ധീന്‍ (37), തിരുത്തിവളപ്പ് ഷബീര്‍ (36) എന്നിവരെ കോഴിക്കോട് ആന്റി നര്‍കോടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തില്‍ ഉള്ള ഡിസ്ട്രിക്‌ട് ആന്റി നര്‍കോടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും (ഡാന്‍സാഫ്), സബ് ഇന്‍സ്‌പെക്ടര്‍ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പിടികൂടിയത്. ട്രെയിനില്‍ നിന്നിറങ്ങിയ പ്രതികളുടെ സോക്സില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. ഇവര്‍ കുളു, മണാലി വിനോദ യാത്രകള്‍ സംഘടിപ്പിക്കുകയും അതിലൂടെ യുവതികള്‍ ഉള്‍പ്പടെയുള്ള അനുയോജ്യരായ യാത്രക്കാരെ കണ്ടെത്തി കാരിയര്‍മാരായി ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നു പതിവ്. ഇവരെ പിടികൂടുക പൊലീസിന് വെല്ലുവിളിയായിരുന്നു. കൂടാതെ പിടിക്കപ്പെടാതിരിക്കാന്‍ പണം നേരിട്ട് വാങ്ങാതെയും ലഹരി നേരിട്ട് ഏല്പിക്കാതെ ഗൂഗിള്‍ ലൊക്കേഷന്‍ സഹായത്തോടെ കൈമാറുകയുമായിരുന്നു പതിവ്. എന്നാല്‍ ഇയാളുടെ ഇടപാടുകള്‍ വളരെ കാലമായി സൂക്ഷ്മമായി നിരീക്ഷിച്ച പോലീസ് ഇയാളെ ലഹരി മരുന്നോടെ വലയിലാക്കുകയായിരുന്നു.