വാഴക്കുളം: വേങ്ങച്ചുവട് കൂവേലിപ്പടിയില്‍ പാഴ്സല്‍ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പിതാവും ഒന്നര വയസുള്ള മകളുമടക്കം മൂന്നുപേര്‍ മരിച്ചു.വേങ്ങച്ചുവട് കുഞ്ചിലക്കാട്ട് (വള്ളിപ്പറമ്പേല്‍) ജോസഫ് (പ്രജേഷ് -36), മകള്‍ അല്‍ന (ഒന്നര വയസ്), ഇഞ്ചപ്ലായ്ക്കല്‍ പരേതനായ ജോണിന്‍റെ ഭാര്യ മേരി (60) എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തു നിന്നെത്തിയ പാഴ്സല്‍ സര്‍വീസ് വാഹനം നിയന്ത്രണം വിട്ട് വഴിയരികില്‍ നില്‍ക്കുകയായിരുന്ന ഇവരെ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം മണ്‍തിട്ടയിലിടിച്ച് വണ്ടിമറിഞ്ഞു. ഓടിക്കൂടിയ സമീപവാസികള്‍ ഇവരെ തൊടുപുഴയില്‍ സ്വകാര്യാശുപത്രിയില്‍എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂവേലിപ്പടിയില്‍ ചെറിയ കട നടത്തുകയാണ് പ്രജേഷ്. വീട്ടില്‍നിന്നു വന്ന് റോഡിനെതിര്‍വശത്തെ കടയിലേക്ക് കുട്ടിയെയും കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ഇവരുടെ സമീപ പ്രദേശത്തു തന്നെയാണ് മേരിയുടെ വീടും.