ജയ്പൂർ: രാജസ്ഥാനിലെ അല്‍വാറിലെ കടുവാ സങ്കേതത്തില്‍ നിന്നും പുറത്തുചാടിയ കടുവ ഖൈർതാല്‍-തിജാര ജില്ലയില്‍ റെയില്‍വേ ജീവനക്കാരൻ ഉള്‍പ്പെടെ അഞ്ച് പേരെ ആക്രമിച്ചു.ബസ്നി ഗ്രാമത്തിലെ താമസക്കാരനായ റെയില്‍വേ ജീവനക്കാരൻ വികാസ് കുമാർ വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ അജർക്ക (ഖൈർത്തല്‍-തിജാര) റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. തുടർന്ന് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ കൂട്ടിക്കൊണ്ടുപോകാൻ ഇയാള്‍ സഹോദരനെ വിളിച്ചു. കുമാർ സഹോദരനെ കാത്തുനില്‍ക്കുമ്ബോള്‍ കടുവ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഒരു ബൈക്ക് വരുന്നത് കണ്ട് കടുവ അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ആക്രമണത്തില്‍ കുമാറിന് ഗുരുതരമായി പരിക്കേറ്റു. കുമാറിനെ ആക്രമിച്ചതിന് ശേഷം കടുവ അടുത്തുള്ള ദർബാർപൂർ ഗ്രാമത്തില്‍ എത്തി. രാവിലെ 11ഓടെ സതീഷ് (45), ബിനു (30), മഹേന്ദ്ര (33) എന്നീ മൂന്ന് പേരെ കടുവ ആക്രമിച്ചു.ഇവരെ ആശുപത്രിയിലേക്കു മാറ്റി. പുലർച്ചെ മറ്റൊരു യുവാവിനെയും കടുവ ആക്രമിച്ചിരുന്നു.കടുവ കാരണം ഗ്രാമത്തിലെ ജനങ്ങള്‍ ഭീതിയിലാണെന്നും സ്കൂള്‍ അടച്ചുവെന്നും ദർബാർപൂർ സർപഞ്ച് വീർ സിംഗ് പറഞ്ഞു.