ബംഗളൂരു: ബംഗളൂരു നഗരത്തിലും മൈസൂരു ടി. നരസിപൂരിലും പുലിയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ഭീതിയിലായി ജനങ്ങള്‍.കെങ്കേരി, കുമ്പളഗോഡ്, ദേവനഹള്ളി തുടങ്ങിയയിടങ്ങളിലാണ് പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ദേവനഹള്ളിക്ക് സമീപം ചിക്കജാലയില്‍ ഐ.ടി.സി കമ്പനിക്ക് സമീപമാണ് പുലിയെ കണ്ടത്.ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട് . വനംവകുപ്പിന്റെ അഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്തനായില്ല. തറബനഹള്ളിയിലെ ഫാക്ടറിക്ക് സമീപം പുലിയെ കുടുക്കാന്‍ വനം വകുപ്പ് കെണിക്കൂട് സ്ഥാപിച്ചിട്ടുണ്ട്.
സൗത്ത് ബംഗളൂരുവില്‍ ബനശങ്കരി സിക്സ്ത് സ്റ്റേജിലും തുറഹള്ളി വനമേഖലക്ക് സമീപവും പുലിയുടെ സാന്നിധ്യം കണ്ടെത്തി. തുറഹള്ളി വനമേഖലയിലെ കോടിപാളയയില്‍ മാനിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. വനമേഖലയില്‍ ഇത്തരം വേട്ട സാധാരണമാണെന്നും കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നിരിക്കാന്‍ സാധ്യതയെന്നും ബംഗളൂരു അര്‍ബന്‍ ഡിവിഷന്‍ ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എസ്.എസ്. രവി ശങ്കര്‍ വ്യക്തമാക്കി.മൈസൂരുവിലും പുലിയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. ടി. നരസിപൂരില്‍ പുലിയുടെ ആക്രമണത്തില്‍ കെബെഹുണ്ടി സ്വദേശിനി മേഘനയാണ് (21) കൊല്ലപ്പെട്ടത്. ടി. നരസിപുര്‍ ഗവ. ഫസ്റ്റ് ഗ്രേഡ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് സംഭവം. വീടിന് സമീപത്തെ കൃഷിയിടത്തിലേക്ക് നടന്നുപോകവേ പുലി ആക്രമിക്കുകയായിരുന്നു.