ആലപ്പുഴ : പുന്നമടയില്‍ ടൂറിസം പൊലീസിനെ കാഴ്ചക്കാരാക്കി സഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് വിനോദ സഞ്ചാരികള്‍ക്ക് പരിക്കേറ്റു.ഇവര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സഞ്ചാരികളുടെ പരാതിയെ തുടര്‍ന്ന് ഹൗസ്ബോട്ടുടമ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് 5.30ന് പുന്നമട ഫിനിഷിംഗ് പോയിന്റിലാണ് സംഭവം. സ്ത്രീകള്‍ ഉള്‍പ്പെടെ പത്തംഗ സംഘം പുന്നമടയില്‍ എത്തിയ രണ്ട് കാറുകളില്‍ ഒന്ന് ഈ ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ മുട്ടിയെന്ന് ആരോപിച്ച് ഹൗസ് ബോട്ട് ഉടമയും പ്രദേശവാസികളും ഇടപെട്ടു. ഇവരും സഞ്ചാരികളുമായി വാക്കേറ്റം നടക്കുന്നതിനിടെ , ഹൗസ്ബോട്ട് പരിശോധിക്കാന്‍ മൂന്നംഗ ടൂറിസം പൊലീസ് സംഘവും സ്ഥലത്തെത്തി. വാക്കേറ്റംരൂക്ഷമായപ്പോള്‍ എസ്.ഐ ജയറാം ഇടപെട്ട് രംഗം ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവിഭാഗവും സംഘര്‍ഷത്തിലേക്ക് നീങ്ങി. ഹൗസ് ബോട്ട് ഉടമയെ സഞ്ചാരികള്‍ മര്‍ദ്ദിക്കുന്നത് കണ്ട പ്രദേശവാസി ടൈല്‍ ഉപയോഗിച്ച് ഒരു സഞ്ചാരിയുടെ തല അടിച്ചു പൊട്ടിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നത് കണ്ട എസ്.ഐ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി രംഗം ശാന്തമാക്കി.