അമരാവതി: ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. 25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.അലമാൻഡ-കണ്ടകപള്ളി റൂട്ടിലാണ് അപകടം നടന്നത്.പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.റായഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്. വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവര്‍ ഹെഡ് കേബിള്‍ പൊട്ടിയതിനാല്‍ പാസഞ്ചര്‍ ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ആ ബോഗികളില്‍ ഉണ്ടായിരുന്നവര്‍ ആണ് മരിച്ചത്. സിഗ്നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.