കൊല്ലം : സംസ്ഥാനത്ത് ട്രോളിങ് നിരോധനം തുടങ്ങി. വ്യാഴം അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രിവരെ 52 ദിവസമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് നിരോധനം.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും ചെറുയാനങ്ങള്‍ക്കും ഉപരിതല മത്സ്യബന്ധനത്തിന് അനുമതിയുണ്ട്. കടലില്‍പോയ ബോട്ടുകള്‍ വ്യാഴം പകലും രാത്രിയുമായി തിരികെയെത്തി. ഇവ നീണ്ടകര പാലത്തിന്റെ കിഴക്കുവശം അഷ്‌ടമുടിക്കായല്‍ തീരത്തേക്ക് മാറ്റി പാലത്തിന്റെ സ്‌പാനുകള്‍ ചങ്ങല ഉപയോഗിച്ച് ബന്ധിച്ചു. ഇതര സംസ്ഥാന ബോട്ടുകള്‍ നേരത്തെ തീരം വിട്ടിരുന്നു.
സമാധാനപരമായ ട്രോളിങ് നിരോധനം ഉറപ്പാക്കാനും നിരോധനം ലംഘിക്കാതിരിക്കാനും ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും രംഗത്തുണ്ട്. തീരത്തും ഹാര്‍ബറുകളിലും പൊലീസിന്റെ സാന്നിധ്യവും ഉറപ്പാക്കി. പരവൂര്‍ കാപ്പില്‍ മുതല്‍ കായംകുളം എന്‍ടിപിസിവരെയുള്ള 37.5 കിലോമീറ്റര്‍ തീരത്ത് സുരക്ഷയ്ക്കും നിയമലംഘനം പരിശോധിക്കാനുമായി ഫിഷറീസ് വകുപ്പ് മൂന്ന് ബോട്ട് സജ്ജീകരിച്ചു.ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍നിന്ന് വിദഗ്ധ പരിശീലനം നേടിയ 12 ലൈഫ് ഗാര്‍ഡിന്റെ സേവനവും ലഭ്യമാണ്. ഇവരെ സഹായിക്കാന്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരും ഉണ്ടാകും. തങ്കശ്ശേരി, നീണ്ടകര, അഴീക്കല്‍ തുറമുഖം കേന്ദ്രീകരിച്ച് നാലുവീതം ലൈഫ് ഗാര്‍ഡുമാര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകളില്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും ആരംഭിച്ചു.
കോസ്റ്റല്‍ പൊലീസിന്റെ രണ്ടുബോട്ട് കൊല്ലം, നീണ്ടകര തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് പട്രോളിങ് നടത്തും. പുറംകടലില്‍നിന്ന് തിരികെയെത്തിയ ബോട്ടുകളില്‍നിന്ന് വലകള്‍, റോപ്പ്, ജിപിഎസ്, എക്കോ സൗണ്ടര്‍, വയര്‍ലെസ് തുടങ്ങി വിലപിടിപ്പുള്ള ഉപകരണങ്ങള്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വരും ദിവസങ്ങളില്‍ ബോട്ടുകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തും.
നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ എന്നിവിടങ്ങളിലെ മത്സ്യഫെഡ് പമ്ബുകള്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. ബുധനാഴ്ച വൈകിയെത്തിയ ബോട്ടുകളിലെ മത്സ്യം വില്‍ക്കാന്‍ കഴിയാത്തവര്‍ക്ക് വ്യാഴാഴ്ച ഹാര്‍ബറില്‍ സൗകര്യമൊരുക്കി.