ആലപ്പുഴ: കടലില്‍ മീന്‍പിടിക്കാന്‍പോയ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് സാരമായ പരിക്ക്.വള്ളവും മീന്‍പിടിത്ത ഉപകരണങ്ങളും നശിച്ചു. പരിക്കേറ്റ വാടയ്ക്കല്‍ ഈരേശ്ശേരി ടോമി ( 50 ), വാടയ്ക്കല്‍ മാവേലി തയ്യില്‍ ആന്റണി (55)എന്നീ തൊഴിലാളികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാടയക്കല്‍ മത്സ്യഗന്ധി ജങ്ഷന് പടിഞ്ഞാറ് മീന്‍പിടിക്കാന്‍പോയ ടോമിയുടെ “ഈരേശ്ശേരി’ വള്ളമാണ് വ്യാഴം പുലര്‍ച്ചെ അഞ്ചോടെ അപകടത്തില്‍പ്പെട്ടത്.
വള്ളംകടലിലേയ്ക്ക് ഇറക്കിയ ഉടനെയാണ് അപകടം. മറിഞ്ഞവള്ളത്തിലെ എന്‍ജിനും വലയുമടക്കം ഉപകരണങ്ങള്‍ ശരീരത്തിലേക്ക് വീണാണ്തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. വള്ളത്തിലുണ്ടായിരുന്ന കാക്കരിയില്‍ ജോണ്‍സണ്‍, പൂത്രയില്‍ ആന്റണി, കാക്കരിയില്‍ സൈറസ്, മാവേലിതയ്യില്‍ ദാസന്‍, ടോമി, മാവേലി തയ്യില്‍ ആന്റണി, കുട്ടപ്പശേരി ജോസഫ് എന്നിവര്‍ക്ക് കാര്യമായ പരിക്കില്ല.ഒരു എന്‍ജിന്‍ വെള്ളത്തില്‍ വീണ് നശിച്ചു. മറ്റൊരു എന്‍ജിന്‍ കേടായി. വല പൂര്‍ണമായി നഷ്ടപ്പെട്ടു. വള്ളത്തിന്റെ മുന്നിലെയും പിന്നിലെയും കൊമ്പുകള്‍ ഒടിഞ്ഞു. പുതിയ വള്ളമായതിനാല്‍ നെടുകെ പിളര്‍ന്നില്ല. എന്നാല്‍ പുതുക്കി പണിയാനാകാത്ത വിധം വള്ളം നശിച്ചിട്ടുണ്ട്.