ഹരിപ്പാട്: മദ്യപാനത്തിനിടെ ഉണ്ടായ അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ടുപേര്‍ അറസ്റ്റില്‍ചെങ്ങന്നൂര്‍ ഇലഞ്ഞിമേല്‍ കോലത്ത് വീട്ടില്‍ സതീശന്‍റെ മകൻ സജീവാണ് (ഉണ്ണി – 32) മരിച്ചത്. സംഭവത്തില്‍ സജീവിന്‍റെ സുഹൃത്തുക്കളായ നങ്ങ്യാര്‍കുളങ്ങര തുണ്ടില്‍ വീട്ടില്‍ പ്രവീണ്‍ (27), അരുണ്‍ ഭവനത്തില്‍ അരുണ്‍ (33) എന്നിവരെ കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ ചേപ്പാട് കാഞ്ഞൂര്‍ ക്ഷേത്രത്തിന് കിഴക്കുഭാഗത്തായിരുന്നു സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ പ്രവീണും അരുണും ചേര്‍ന്ന് സജീവിനെ മര്‍ദിക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. മര്‍ദനത്തില്‍ അവശനിലയിലായ സജീവിനെ സുഹൃത്തുക്കളായ പ്രവീണ്‍, അരുണ്‍, മനോജ് എന്നിവര്‍ ചേര്‍ന്ന് വാഹനത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടം പറ്റി എന്നാണ് ആശുപത്രി അധികൃതരോട് ആദ്യഘട്ടത്തില്‍ ഇവര്‍ പറഞ്ഞത്. സംശയം തോന്നിയ ജീവനക്കാര്‍ ഇവരെ തടഞ്ഞുവെയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് യഥാര്‍ഥ സംഭവം പുറത്തു വന്നത്. സനീഷ് എന്ന കരാറുകാരന്‍റെ തൊഴിലാളികളാണ് ഇവര്‍ നാലു പേരും. സനീഷിന്‍റെ കുഞ്ഞിന്‍റെ ഇരുപത്തെട്ടുകെട്ട് ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ കാഞ്ഞൂര്‍എത്തിയത്. ചടങ്ങില്‍ പങ്കെടുത്ത ശേഷം ക്ഷേത്രത്തിന് സമീപത്തെ പറമ്പില്‍ നിന്ന് മദ്യപിക്കുന്നതിനിടയാണ് തമ്മില്‍ തര്‍ക്കം ഉണ്ടാകുന്നതും പിന്നീടത് അടി പിടിയില്‍ കലാശിക്കുകയുമായിരുന്നു.ആദ്യഘട്ടത്തില്‍ മനോജും കസ്റ്റഡിയിലായിരുന്നു പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു.