ബംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തില്‍ രണ്ടു മലയാളി വിദ്യാർഥികള്‍ മരിച്ചു. മൈസൂരു അമൃത വിദ്യാപീഠത്തില്‍ അവസാന വർഷ ബി.സി.എ വിദ്യാർഥികളായ കൊല്ലം കുണ്ടറ പെരുമ്പുഴ അശ്വനത്തില്‍ പ്രസാദ്- മഞ്ജു ദമ്പതികളുടെ മകൻ അശ്വിൻ പി.നായർ (21), മൈസൂരു ഉദയഗിരി ശക്തിനഗർ വിദ്യാശങ്കർ ലേഔട്ടില്‍ താമസിക്കുന്ന കോട്ടയം മുണ്ടക്കയം ചോറ്റി സ്വദേശി ടോം ജോസഫ്- മിനി ദമ്പതികളുടെ മകൻ ജീവൻ ടോം (21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെ ഹുൻസൂർ ഭാഗത്തുനിന്ന് താമസസ്ഥലത്തേക്ക് വരുന്നതിനിടെ മൈസൂരു കുവെമ്പു നഗർ കെ.ഇ.ബി ഓഫിസിന് സമീപത്താണ് അപകടം. റോഡിലെ ബാരിക്കേഡ് ഒഴിവാക്കാൻ ബൈക്ക് വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. ഇരുവരും അപകടസ്ഥലത്തുതന്നെ മരിച്ചു.