ചവറ: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷാ വിജയം ആഘോഷിക്കാന്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടു പേരെ കാണാതായി ചവറ ഐ.ആര്‍.ഇ കമ്ബനിക്ക് സമീപം കരുത്തുറയിലാണ് കുട്ടികള്‍ തിരയില്‍പ്പെട്ടത്. പന്മന വടക്കുംതല പാലവിള കിഴക്കതില്‍ വീട്ടില്‍ പരേതനായ ബിജുവിന്റെ മകന്‍ വിനീഷ്(16) പന്മന മിടാപ്പള്ളി കൊച്ചു കാരിത്തറയില്‍ ഉഷാകുമാരിയുടെ മകന്‍ ജയകൃഷ്ണന്‍ (17) എന്നിവരെയാണ് കാണാതായത്.ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രണ്ട് കടല്‍ഭിത്തികള്‍ക്കിടയില്‍ വള്ളങ്ങള്‍ അടുക്കുന്ന ഭാഗത്തായിരുന്നു അപകടം. കടല്‍ഭിത്തികള്‍ക്കിടയിലൂടെ ശക്തമായ തിര അടിക്കും. ചെറു ചുഴികളും ഉണ്ടാകാറുണ്ട്. അഞ്ച് പേരും കുളിക്കുന്നതിനിടെ വലിപ്പമുള്ള തെര്‍മോകോള്‍ കക്ഷണം ഒഴുകിയെത്തി. ജയകൃഷ്ണനും വിനീഷും ഈ തെര്‍മോക്കോളിന് മുകളില്‍ കയറിയിരുന്ന് കളിച്ചു. ഇതിനിടയിലെത്തിയ ശക്തമായ തിരയില്‍പ്പെട്ട് തെര്‍മോകോള്‍ മറിഞ്ഞാണ് ഇരുവരും തിരയില്‍പ്പെട്ടത്.നീന്തലറിയാവുന്ന ജയകൃഷ്ണന്‍ വിനീഷിനെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായി അടിച്ച ശക്തമായ തിരയില്‍ ഇരുവരും അകപ്പെടുകയായിരുന്നു. കുളിച്ചുകൊണ്ടിരുന്ന മറ്റ് മൂന്നുപേര്‍ കരയിലേക്കോടി ആളുകളെ അറിയിച്ചു. ആറേകാലോടെ സ്ഥലത്തെത്തിയ ചവറ ഫയര്‍ഫോഴ്സ് രാത്രി എട്ട് വരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോസ്റ്റല്‍ പൊലീസും മറൈന്‍ എന്‍ഫോഴ്സ്‌മെന്റും തിരച്ചില്‍ തുടരുകയാണ്. കണ്ടുകിട്ടിയില്ലെങ്കില്‍ ഇന്ന് രാവിലെ ഫയര്‍ഫോഴ്സ് വീണ്ടും തിരച്ചില്‍ ആരംഭിക്കും.