തൃശൂര്‍: കുന്നംകുളം പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിനു സമീപത്തുനിന്ന് രണ്ടു കിലോ കഞ്ചാവുമായി ഒഡീസക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളായ യുവാക്കളെ കുന്നംകുളം പോലീസ് അറസ്റ്റു ചെയ്തു.ഒഡീസയില്‍നിന്നു പെരുമ്പിലാവ് ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടു വന്ന കഞ്ചാവാണ് തൃശൂര്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. യുവാക്കളെ പിന്നീട് കുന്നംകുളം പോലീസിന് കൈമാറുകയായിരുന്നു. ഒഡീസ ഗഞ്ചം സ്വദേശികളായ ജിതേന്ദ്ര ജേന (27), ടോഫന്‍ ബെഹറ (36) എന്നിവരെയാണ് കുന്നംകുളം സിഐ. യു.കെ. ഷാജഹാന്‍ അറസ്റ്റ് ചെയ്തത്.പെരുമ്പിലാവ് ഭാഗങ്ങളില്‍ ലഹരി മരുന്ന് വ്യാപകമായതിനെ തുടര്‍ന്ന് ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. ഒഡീസയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങി വില്‍പനക്കായി കൊണ്ടു വന്നിട്ടുളളതെന്ന് യുവാക്കള്‍ പോലീസിനോട് പറഞ്ഞു.