ബംഗളൂരു: കൈക്കൂലി കേസില്‍ രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു.സ്പെഷല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫിസര്‍ ടു എ.ബി. വിജയകുമാര്‍, കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്മെന്റ് ബോര്‍ഡ് (കെ.ഐ.എ.ഡി.ബി) സര്‍വേയര്‍ രഘുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഭഗത് സിങ് എന്നയാളുടെ പരാതിയിലാണ് നടപടി. തന്റെ ഭൂമി കെ.ഐ.എ.ഡി.ബി ഏറ്റെടുത്തിട്ടില്ലെന്നതിനുള്ള ‘നോ ഒബ്ജക്ഷന്’ സട്ടിഫിക്കറ്റിനായാണ് പരാതിക്കാരന് ഉദ്യോഗസ്ഥരെ സമീപിച്ചത്. ഇതിനായി 2.5 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
തുക കിട്ടിയതിനു ശേഷമാണ് സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാല്‍ പരാതിക്കാരന് സംഭവം കെ.ഐ.എ.ഡി.ബി ഡെപ്യൂട്ടി കമീഷണറെ (ലാന്‍ഡ് അക്വിസിഷന്‍) അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി സ്വീകരിച്ച പണവും കൂടുതലായി 50,000 രൂപയും പരാതിക്കാരന് തിരിച്ചുനല്‍കാമെന്ന് സമ്മതിച്ചു. പകരമായി പരാതി പിന്‍വലിക്കണമെന്നും പറഞ്ഞു. കൈക്കൂലി തുക തിരിച്ചുനല്കവേയാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായതെന്ന് ലോകായുക്ത പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ കഴിയുകയാണ്.