പൊറ്റക്കുഴിയില്‍ രണ്ടു കടകള്‍ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം

കൊച്ചി: പൊറ്റക്കുഴിയില്‍ രണ്ടു കടകള്‍ക്ക് തീപിടിച്ച്‌ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം.മലാസ് എന്ന ജ്യൂസ് കടയും, വേലിക്കകത്ത് അപ്‌ഹോള്‍സ്റ്ററി എന്ന സ്ഥാപനവുമാണ് പൂര്‍ണമായും കത്തിനശിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് മൂലമുള്ള അപകടമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ കെഎസ്‌ഇബിയും അഗ്നിരക്ഷാ സേനയും അന്വേഷണം നടത്തുന്നുണ്ട്. ജ്യൂസ് കടയില്‍ മാത്രം മൂന്നു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. കെഎസ്‌ഇബി ജീവനക്കാര്‍ ആവശ്യമായ അറ്റകുറ്റപ്പണി നടത്താതിരുന്നതാണ് തീപിടിത്തത്തിന് വഴിവെച്ചതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ഹസീന എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ജ്യൂസ് കടയിലെ ഫ്രിഡ്ജ്, ഫ്രീസര്‍, ഓവന്‍, സ്റ്റൗവ്, സ്റ്റോക്കുണ്ടായിരുന്ന സാധനങ്ങള്‍ തുടങ്ങിയവയും ബെന്നിയുടെ ഉടമസ്ഥതയിലുള്ള വേലിക്കകത്ത് അപ്‌ഹോള്‍സ്റ്ററി സ്ഥാപനത്തിലെ ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ജ്യൂസ് കടയില്‍ നിന്നാണ് അപ്‌ഹോള്‍സ്റ്ററി സ്ഥാപനത്തിലേക്ക് തീപടര്‍ന്നത്. കടയില്‍ വൈദ്യുതി ഇല്ലെന്ന് ചെവ്വാഴ്ച രാത്രി എട്ടോടെ കലൂര്‍ കെഎസ്‌ഇബി ഓഫീസില്‍ വിളിച്ചറിയിച്ചതായി കടയുടമ ഹസീന പറഞ്ഞു. ഒറ്റപ്പെട്ടസംഭവമായതിനാല്‍ രാത്രി സമയത്ത് നോക്കാനാകില്ലെന്ന മറുപടിയാണ് ജീവനക്കാരില്‍നിന്ന് ലഭിച്ചത്. ഒടുവില്‍ ടി.ജെ. വിനോദ് എംഎല്‍എയെ വിവരം അറിയിച്ചതോടെ അദ്ദേഹം എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ വിളിച്ചു.ഇതോടെ ജീവനക്കാര്‍ സ്ഥലത്തെത്തിയെങ്കിലും പോസ്റ്റിലേക്ക് ടോര്‍ച്ചടിച്ച്‌ നോക്കി സര്‍വിസ് വയര്‍ കരിഞ്ഞുപോയിട്ടുണ്ടെന്ന് അറിയിച്ചതല്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് ഗാന്ധിനഗര്‍ അഗ്നിരക്ഷാ ഓഫീസില്‍നിന്ന് രണ്ട് യൂണിറ്റെത്തി തീയണച്ചത്. രാത്രിയില്‍ സര്‍വീസ് വയര്‍ കരിഞ്ഞത് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ലൈന്‍ ഓഫ് ചെയ്ത് പരിഹാരം കണ്ടിരുന്നെങ്കില്‍ തീപിടിത്തമുണ്ടാകില്ലായിരുന്നുവെന്ന് ഹസീന പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen − seven =