കല്‍പ്പറ്റ: മേപ്പാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.മലപ്പുറം സ്വദേശികളും മേപ്പാടി പോളിടെക്‌നിക് കോളേജ് വിദ്യാര്‍ഥികളുമായ മന്നടിയില്‍ മുഹമ്മദ് ഹാഫിസ് (20), ഇല്ല്യാസ് (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മേപ്പാടി കാപ്പംകൊല്ലിയിലായിരുന്നു അപകടം. വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മുഹമ്മദ് ഹാഫിസിന് അപകടസ്ഥലത്ത് വെച്ച് തന്നെ ജീവന്‍ നഷ്ടമായിരുന്നു.ഗുരുതര പരിക്കേറ്റ ഇല്ല്യാസിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രിയോടെയായിരുന്നു അന്ത്യം.