മുംബൈ : മുംബൈ സിയോണില്‍ നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വില്ക്കാന് ശ്രമിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. 15 ദിവസം പ്രായമുള്ള കുഞ്ഞിനെ വില്ക്കാന് ഇവര്‍ ശ്രമിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.പുണെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ ജീവനക്കാരനാണ് വിവരം ആദ്യം ലഭിച്ചത്. തുടര്‍ന്ന് സ്ത്രീ-ശിശുക്ഷേമ അധികൃതര്‍ക്ക് വിവരം കൈമാറുകയായിരുന്നു. ഇക്കാര്യം മുംബൈ പൊലീസിനെ അറിയിക്കുകയും എസ്എസ് ബ്രാഞ്ച് പ്രതികള്‍ക്കായി കെണിയൊരുക്കുകയും ചെയ്തു. ആവശ്യക്കാരെന്ന വ്യാജേനെ പൊലീസ് ഇവരെ സമീപിച്ചു.കുട്ടിയെ നല്കാന് 4.5 ലക്ഷം രൂപ ആവശ്യപ്പെട്ടു. അതില്‍ 4 ലക്ഷം ശിശുവിന്റെ ബയോളജിക്കല്‍ മാതാപിതാക്കള്‍ക്ക് നല്‍കണം, ബാക്കി തങ്ങളുടെ കമ്മീഷനാണെന്നും ഇവര്‍ പറഞ്ഞു. കച്ചവടം ഉറപ്പിച്ചതോടെ ഗാന്ധി മാര്‍ക്കറ്റ് ഏരിയയിലെ ഒരു നഴ്സിംഗ് ഹോമിന് സമീപം എത്താന്‍ ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സ്ഥലത്തെത്തിയ പൊലീസ് ജൂലിയ ഫെര്‍ണാണ്ടസ് (35), ഷബാന ഷെയ്ഖ് (30) എന്നിവരെ പിടികൂടി.