പാലക്കാട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 22 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. തൃശൂര്‍ മണലൂര്‍ സ്വദേശികളായ രഞ്ജിത്ത് രാധാകൃഷ്ണന്‍ (22), അല്‍കേഷ് അനില്‍കുമാര്‍ (22) എന്നിവരാണ് പിടിയിലായത്.പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മൂന്നു മാസം മുമ്പ് ബംഗളൂരുവില്‍ ജോലിക്ക് പോയ ഇരുവരും അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.
വിഷു ആഘോഷത്തിന് സുഹൃത്തുക്കള്‍ക്ക് വില്‍ക്കാന്‍ ബാംഗളൂരുവില്‍നിന്ന് എത്തിച്ചതാണെന്ന് ഇവര്‍ മൊഴി നല്‍കി. ഉത്സവ സീസണോടനുബന്ധിച്ച് റെയില്‍വേ സ്റ്റേഷനുകളില്‍ പരിശോധന ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.