കൊല്ലം: തമിഴ്നാട്ടില്‍നിന്നും കെഎസ്‌ആര്‍ടിസി ബസില്‍ കടത്തുകയായിരുന്ന 32ഗ്രാം എംഡിഎംഎയും 17ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍.മലപ്പുറം തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് പടിക്കല്‍ പിലാലകണ്ടി വീട്ടില്‍ ഷംനാദ് (34), കാസര്‍കോട് മഞ്ചേശ്വരം മംഗല്‍പടി പേത്തൂര്‍ പുളിക്കുന്നി വീട്ടില്‍ മുഹമ്മദ് ഇമ്രാന്‍ (29) എന്നിവരാണ് പിടിയിലായത്. എക്സൈസ് തെന്മലയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. രാസലഹരി തൂക്കുന്നതിനുള്ള ഡിജിറ്റല്‍ ഇലക്‌ട്രോണിക് ത്രാസും പ്രതികളില്‍നിന്ന് കണ്ടെടുത്തു. ബംഗളൂരുവില്‍നിന്നും ഒരുലക്ഷം രൂപയ്ക്ക് വാങ്ങിയ എംഡിഎംഎ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്‌ക്കായി കൊണ്ടുവരുന്ന വഴിയാണ് പിടിയിലായത്.എന്‍ഡിപിഎസ് നിയമപ്രകാരം 10വര്‍ഷം തടവ് മുതല്‍ വധശിക്ഷവരെ ലഭിക്കാവുന്ന തരത്തിലുള്ള കുറ്റമാണിത്.ഗ്രാമിന് 10,000 രൂപ നിരക്കിലാണ് വില്‍ക്കുന്നതെന്ന് പ്രതികള്‍ മൊഴിനല്‍കി. ഉപഭോക്താക്കള്‍ എല്ലാം കൗമാരപ്രായക്കാരാണെന്ന് പ്രാഥമിക ചോദ്യംചെയ്യലില്‍ വ്യക്തമായി. തുടര്‍നടപടികള്‍ക്കായി പ്രതികളെ അഞ്ചല്‍ എക്സൈസ് റേഞ്ചിന് കൈമാറി.രാസലഹരി വാങ്ങുന്നതിന് സാമ്ബത്തിക സഹായം നല്‍കിയവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയതായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ സുദേവന്‍ അറിയിച്ചു.