തിരുവനന്തപുരം : സർവ്വകലാശാല റിട്ടയേർഡ് ടീച്ചേഴ്സ് ഫോറം ഏർപ്പെടുത്തിയ പ്രഥമ എക്സലൻസ് അവാർഡ് നാലുപേർക്ക് നൽകുന്നു. കേരളത്തിലെ സർവ്വകലാശാലകളിൽ നിന്നും വിരമിച്ച അദ്ധ്യാപകരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവാർഡ്. ശാസ്ത്ര-സാങ്കേതികം, സാമൂഹ്യശാസ്ത്രം, ആർട്സ്, ഹുമാനിറ്റീസ് എന്നീ വിഭാഗങ്ങളിലായി നാലു അവാർഡുകളാണ് നിശ്ചയിച്ചിട്ടുള്ളത്.
എം.ജി.സർവ്വകലാശാല മുൻ വൈസ്-ചാൻസിലർ ഡോ. സാബുതോമസ്, കേരള സർവ്വകലാശാല മുൻ ഡീൻമാരായ ഡോ. ജി. ദേവരാജൻ, ഡോ. എം. ശാർങ്ഗധരൻ, കണ്ണൂർ സർവ്വകലാശാല മുൻ ഡീൻ ഡോ. എസ്. ഗ്രിഗറി എന്നിവരാണ് പ്രഥമ അവാർഡിന് അർഹരായത്. കാസർഗോഡ് കേന്ദ്രസർവ്വകലാശാല മുൻ വൈസ് ചാൻസിലർ ഡോ . ജി. ഗോപകുമാർ, കൊച്ചിൻ സർവ്വകലാശാല മുൻ വൈസ്-ചാൻസിലർ ഡോ. കെ.എൻ. മധുസൂദനൻ, സംസ്കൃത സർവ്വകലാശാല മുൻ പ്രോ- വൈസ്ചാൻസിലർ ഡോ. കെ.എസ്. രവികുമാർ, ഫോറം പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവർ അംഗങ്ങളായ സമിതിയാണ് അവാർഡ് ജേതാക്കളെ തെരെഞ്ഞെടുത്തത്. അക്കാദമികവും പൊതുസമൂഹത്തിലെ പ്രവർത്തനങ്ങളും വിലയിരുത്തി യാണ് അവാർഡ് നിർണ്ണയിച്ചത്.
2025 ജനുവരി 8-ാം തീയതി തിരുവനന്തപുരത്ത് സർവ്വകലാശാല സ്റ്റുഡൻസ് സെന്ററിൽ ചേരുന്ന സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു അവാർഡുകൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ഫോറം പ്രസിഡൻ്റ് ഡോ. എസ്. രാജശേഖരൻ, ജനറൽ സെക്രട്ടറി ഡോ. എ.ആർ. രാജൻ, ഡോ. എൻ. സുഭരഷ്, ഡോ. എ. ഗോപിക്കുട്ടൻ, ഡോ. എസ്. ഷറഫുദ്ദീൻ, ഡോ. എ.കെ.അമ്പോറ്റി എന്നിവർ അറിയിച്ചതാണിത്