വര്‍ക്കല: വര്‍ക്കല ടൂറിസം മേഖലയില്‍ വര്‍ക്കല പൊലീസും ഡാന്‍സാഫ് ടീമും നടത്തിയ മിന്നല്‍ പരിശോധനയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യശേഖരവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു.വര്‍ക്കല പെരുംകുളം പുതുവല്‍ വീട്ടില്‍ കണ്ണന്‍ എന്നുവിളിക്കുന്ന വിനോദ് (31), പെരുംകുളം പുത്തന്‍വീട്ടില്‍ മുഹമ്മദ് (26), കോവളം പനത്തുറ വെളിവിളാകം വീട്ടില്‍ മുഹമ്മദ് ഹാജ (22) എന്നിവരാണ് പിടിയിലായത്. 7 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും 37 കുപ്പി ബിയറും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണവും പുകയില ഉത്പന്നങ്ങളും കണ്ടെടുത്തു. നോര്‍ത്ത് ക്ലിഫില്‍ പ്രവര്‍ത്തിക്കുന്ന ഗോഡ്സ് ഓണ്‍ കണ്‍ട്രി കിച്ചണ്‍ റസ്‌റ്റോറന്റിലെ ജീവനക്കാരാണ് ഇവര്‍. ഇവര്‍ താമസിക്കുന്ന മംഗ്ലാവ് മുക്കിന് സമീപത്തെ വീട്ടില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഡാന്‍സാഫ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.