പാലക്കാട്: പച്ചക്കറി കര്‍ഷകനെ കീടനാശിനി കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാവല്‍ കൃഷിക്കാരനായ മലമ്ബുഴ ആനക്കല്‍ മുതിരംകുന്ന് പി.കെ.വിജയന്‍ (64) ആണു മരിച്ചത്. വിവിധ ബാങ്കുകളിലായി 10 ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണു വീട്ടിനുള്ളില്‍ വിഷം അകത്തുചെന്ന നിലയില്‍ വിജയനെ കണ്ടെത്തിയത്. രാവിലെ പശുവിനെ കറക്കാന്‍ ഭാര്യ സരസു തൊഴുത്തിലേക്കു പോയ സമയത്ത് വീടിനു പുറത്തിറങ്ങിയ വിജയന്‍ പാവല്‍കൃഷിക്കു തളിക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രാവിലെ പത്തരയോടെ മരിച്ചു.