കോട്ടയം:കോഴിക്കോടു മെഡിക്കൽ കോളേജിൽ ഡൂട്ടിയിൽ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരായ വിമുക്തഭടന്മാരെ അതിക്രൂരമായി മർദിച്ച എല്ലാ രാഷ്ട്രീയ ഗുണ്ടകളെയും അറസ്റ്റു ചെയ്തു മാതൃകാ പരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി കോട്ടയത്ത് കളക്ട്രേറ്റ് റാലിയും ധർണ്ണയും സംഘടിപിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ ധർണ്ണ നടന്നു വരികയാണ്. സർക്കാരിന്റെയും , പോലീസിന്റെയും സംരക്ഷണത്തിലാണ് ഗുണ്ടകൾ വിലസുന്നത്. രാജ്യസേവനം കഴിഞ്ഞു മടങ്ങിവന്ന് കുടുംബം പോറ്റാൻ സൂരക്ഷാ ജോലിയിൽ ഏർപ്പെട്ട വയോധികനായ മുൻ സൈനികനു നേരയാണ് ഗുണ്ടകൾ ആക്രമണം അഴിച്ചുവിട്ടത്. നാടകീയമായി ഏതാനും പേർ കീഴടങ്ങിയെങ്കിലും പ്രധാന പ്രതികൾ ഇന്നും സംരക്ഷണത്തിലാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇല്ലാത്ത അവഗണനയും, അവഹേളനവുമാണ് ഇന്ന് കേരളത്തിലെ മുൻ സൈനീകർ നേരിടുന്നത്.
തിരുനക്കര ഗാന്ധി സ്ക്വയറിൽ നിന്നാരംഭിക്കുന്ന റാലി സംഘടനയുടെ അഖിലേന്ത്യ പി.ആർ. ഒ എം.റ്റി. ആന്റണി ഉദ്ഘാടനം ചെയ്യും. ഫാമിലി അസോസിയേഷൻ അഖിലേന്ത്യ ഓർഗനൈസിംഗ് സെക്ട്ടറി ലഫ്.കേണൽ (റിട്ട) ടി.ആർ. ശാരദാമ്മ, സംസ്ഥാന പ്രസിഡന്റ് ടി.കെ. പദ്മ കുമാരി ടീച്ചർ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. പത്മകുമാരി ടീച്ചർ, ദക്ഷിണമേഖലാ സെക്രട്ടറി ബെന്നി കാരയ്ക്കാട്ട്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി വിജയൻ നായർ, ജോസഫ് പി.തോമസ് , ജില്ല പ്രസിഡന്റ് വി.കെ. മത്തായി, സെക്ട്ടറി ഡി. മാത്യൂസ് എന്നിവർ ധർണയെ അഭിസംബോധന ചെയ്യും.