പാലക്കാട്: റവന്യൂ റിക്കവറി ശരിയാക്കി നല്‍കുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍.ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ വില്ലേജ് അസി. ഓഫീസറും ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശിയുമായ ടി. അയ്യപ്പനെയാണ് വിജിലന്‍സ് കൈയോടെ പിടികൂടിയത്. തിരുമിറ്റക്കോട്-ചെരിപ്പൂര്‍ പുവ്വത്തിങ്കല്‍ അബ്ദുള്ളക്കുട്ടി എന്നയാളുടെ പരാതിയിലാണ് നടപടി. റവന്യു റിക്കവറിക്കായി അപേക്ഷകന്‍ ഒരു വര്‍ഷത്തോളമായി വില്ലേജ് ഓഫീസില്‍ കയറി ഇറങ്ങുകയായിരുന്നു. അയ്യപ്പന്‍ കൈക്കൂലി ചോദിച്ച വിവരം നേരത്തെ തന്നെ ഇയാള്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു.ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ വില്ലേജ് ഓഫീസില്‍ പരാതിക്കാരന്‍ എത്തിയപ്പോള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ഇതറിയാതെ അയ്യപ്പന്‍ കൈക്കൂലി വാങ്ങിയതോടെയാണ് പിടിയിലായത് .