കൊ: മദ്യലഹരിയില്‍ അടിപിടികൂടിയ കേസില്‍ സ്റ്റേഷനിലെത്തിച്ച യുവാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്ത് സ്റ്റേഷനിലെ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളടക്കം തകര്‍ത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കറുകപ്പള്ളി ലിബര്‍ട്ടി ലൈനില്‍ ഇല്ലപ്പറമ്ബില്‍ വീട്ടില്‍ ഷിബു രാമകൃഷ്ണന്‍ (48), കറുകപ്പള്ളി അക്ഷയയ്ക്ക് സമീപം കാട്ടയില്‍ വീട്ടില്‍ ശ്രീജിത്ത് വിജയന്‍ (33), തൃശൂര്‍ മാള കണ്ണന്‍കുളങ്ങര തെരുവില്‍ പുത്തന്‍ചിറ വീട്ടില്‍ റഫീഖ് റഷീദ് (45), കലൂര്‍ പുതിയ റോഡില്‍ കൈപ്പിള്ളിപ്പറമ്ബ് വീട്ടില്‍ റഷീദ് കരീം (46) എന്നിവരാണ് പിടിയിലായത്. കലൂര്‍ പൊറ്റക്കുഴി ഭാഗത്ത് മദ്യപിച്ച് അടിപിടി കൂടുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എളമക്കരെ പൊലീസ് നാലംഗ സംഘത്തെ പിടികൂടിയത്. വൈദ്യപരിശോധന പൂര്‍ത്തിയാക്കി തിരികെ സ്റ്റേഷനിലെത്തിയപ്പോഴാണ് യുവാക്കള്‍അക്രമം അഴിച്ചുവിട്ടത്. സ്റ്റേഷനിലെ ലാപ്ടോപ്പ് അടക്കം തകര്‍ന്നു.