ഏറ്റുമാനൂര്‍: നഗരസഭയുടെയും ഏറ്റുമാനൂര്‍ പോലീസിന്‍റെയും സഹകരണത്തോടെ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍റെ പ്രവര്‍ത്തനപരിധിയില്‍ ഭിക്ഷാടനവും അനധികൃതപിരിവുകളും വീടുകയറിയുള്ള അനധികൃത കച്ചവടങ്ങളും നിരോധിച്ചിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ അസോസിയേഷൻ നടപ്പാക്കിയ പദ്ധതി ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജാണ് ഉദ്ഘാടനം ചെയ്തത്. സംസ്ഥാനമാകെ ഏറെ പ്രശംസ പിടിച്ചുപറ്റിയ ഈ പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ ടൗണിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ നഗരസഭയുമായി ചേര്‍ന്ന് മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു.
എം.സി.റോഡില്‍ പടിഞ്ഞാറെനടയ്ക്കു സമീപം ശക്തിനഗര്‍ ബസ് സ്റ്റോപ്പില്‍ ഇത്തരത്തില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡ് കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ അറുത്തെടുത്ത് തൊട്ടടുത്ത് മാലിന്യം നിറഞ്ഞുകിടക്കുന്ന കുറ്റികാട്ടിലേക്ക് വലിച്ചെറിഞ്ഞു. 2010ല്‍ അസോസിയേഷന്‍ രൂപീകരണത്തിനു പിന്നാലെ ബസ് സ്റ്റോപ്പില്‍ സ്ഥാപിച്ച ദിശാ ബോര്‍ഡാണ് പദ്ധതിയുടെ മുന്നറിയിപ്പ് ബോര്‍ഡായി മാറ്റിയത്. എം.സി.റോഡ് നവീകരണവേളയില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ഇവിടെ മാറ്റിസ്ഥാപിച്ച ഈ ബോര്‍ഡ് ശനിയാഴ്ച സന്ധ്യയാകും വരെ യഥാസ്ഥാനത്ത് നിലനിന്നിരുന്നു.
2023 ഡിസംബര്‍ 31ന് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്ത “ഉണര്‍വ് 2024” പദ്ധതിയില്‍ പെടുത്തി ഭിക്ഷാടനമാഫിയായ്‌ക്കെതിരെയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെയുമുള്ള അസോസിയേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചുവരുന്നതിനിടയിലാണ് ഇതുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ബോര്‍ഡ് നശിപ്പിക്കപ്പെട്ടത്.
ഇതോടൊപ്പം ഏറ്റുമാനൂർ നഗരസഭ സ്ഥാപിച്ചിരുന്ന ഒരു ദിശാബോര്‍ഡും ചുവടെ പിഴുതെടുത്ത നിലയില്‍ ഇതിനോട് ചേര്‍ന്ന് കിടപ്പുണ്ട്. വിഷയത്തില്‍ അടിയന്തിരനടപടികള്‍ ആവശ്യപ്പെട്ട് റസിഡന്‍റ്സ് അസോസിയേഷന്‍ ഏറ്റുമാനൂർ പോലീസിനും ജില്ലാ പോലീസ് മേധാവിക്കും മന്ത്രി വി.എന്‍.വാസവനും നഗരസഭ, പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കി.