ഭുവനേശ്വര്‍: ആശുപത്രിയില്‍നിന്ന് മടങ്ങുംവഴി ഭാര്യ മരിച്ചതോടെ ഓട്ടോയില്‍നിന്ന് ഇറക്കിവിട്ടു, മൃതദേഹം ചുമലിലേറ്റി ആദിവാസി യുവാവ് നടന്നത് കിലോമീറ്ററുകള്‍.ഒടുവില്‍ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ആംബുലന്‍സ് വിളിച്ച് മൃതദേഹം നാട്ടിലെത്തിച്ചു.
ഒഡീഷയിലെ കൊരാപുട്ട് ജില്ലയിലെ 33 വയസുകാരനായ ഇഡെ സാമുലുവാണു ഭാര്യ ഇഡേ ഗുരുവിന്റെ മൃതദേഹവുമായി കിലോമീറ്ററുകള്‍ നടന്നത്. അസുഖബാധിതയായ ഭാര്യ ഈഡെ ഗുരുവിനെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള സാങ്കിവലസയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയോട് പ്രതികരിക്കുന്നത് നിര്‍ത്തിയതിനെത്തുടര്‍ന്ന് അവരെ സ്വദേശമായ ഒഡീഷയിലെ സൊറാഡയിലേക്ക് തിരികെ കൊണ്ടുപോകാന്‍ ഡോക്‌ടര്‍മാര്‍ ഉപദേശിച്ചു. ഇതനുസരിച്ച് 130 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു പോകാന്‍ സാമുലു ഒരു ഓട്ടോ വാടകയ്‌ക്ക് എടുക്കുകയും ചെയ്‌തു. ഓട്ടോയില്‍ യാത്ര തുടങ്ങി 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴെക്കും ഈഡെ ഗുരു മരിച്ചു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ യാത്ര തുടരാന്‍ വിസമ്മതിക്കുകയും ഇവരെ വഴിയില്‍ ഇറക്കി വിടുകയും ചെയ്‌തു.