സാംബിയ: സഫാരി വാഹനത്തിന് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ വയോധിയ്ക്ക് ദാരുണാന്ത്യം. ആഫ്രിക്കയിലെ സാംബിയയിലെ സഫാരി പാർക്കില്‍ ശനിയാഴ്ച്ചയാണ് സംഭവമുണ്ടായത്.ആറംഗ സംഘം സഞ്ചരിച്ച വാഹനത്തിന് പിന്നാലെ കാട്ടാന ദീർഘദൂരം ഓടിയെത്തിയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ 80കാരിയായ സ്ത്രീ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന പിറകെ ഓടി വരുന്നതും വാഹനം ആക്രമിക്കുന്നതും ഇവർ പകർത്തിയ വീഡിയോയില്‍ കാണാം.
കഴിഞ്ഞ ശനിയാഴ്‌ച രാവിലെ 9:30 ഓടെയാണ് അതി ദാരുണമായ സംഭവമുണ്ടായത്. ആറ് പേരടങ്ങുന്ന വിനോദ സഞ്ചാരികളുടെ സംഘത്തിനെതിരെ അപ്രതീക്ഷിതമായി ആനയുടെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളില്‍ ആനവാഹനത്തിന് നേരെ ഓടുന്നതും കുറ്റിക്കാടുകള്‍ നിറഞ്ഞ റോഡിലൂടെ ഓടിവരുന്നതും കാണാം. വാഹനത്തിന് അടുത്തെത്തിയ ആന വാഹനം മറിച്ചിടുകയായിരുന്നു. അമേരിക്കൻ സ്വദേശിനിയാണ് മരിച്ചതെന്ന് അധികൃതർ പറയുന്നു. അതേസമയം, അപകടത്തില്‍പ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തനം നടത്താനായി നാഷണല്‍ പാർക്ക് മാനേജ്‌മെൻ്റ് ഹെലികോപ്റ്റർ അയച്ചതായി അധികൃതർ അറിയിച്ചു.