ലോക ഹൃദയദിനത്തോടനുബന്ധിച്ച് ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ വിദ്യാർത്ഥികൾക്കൊപ്പം വാക്കത്തോൺ സംഘടിപ്പിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റിയേഴ്‌സും ആസ്റ്റർ മെഡ്‌സിറ്റിയും. കോളേജിലെ എൻ.സി.സി, എൻ.എസ്.എസ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ക്യാംപസിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന വാക്കത്തോൺ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. മിനി ആലീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആസ്റ്റർ മെഡ്സിറ്റിയിലെ കുട്ടികളുടെ ഹൃദ്രോഗചികിത്സാവിഭാഗത്തിലെ സീനിയർ കൺസൽട്ടൻറ് ഡോ. എഡ്വിൻ ഫ്രാൻസിസ് ഹൃദയദിന സന്ദേശം നൽകി. നാനൂറോളം വിദ്യാർത്ഥികളും പുറമെ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു.
ആസ്റ്ററിന്റെ “ഹാർട്ട് ടു ഹാർട്ട്” പദ്ധതിയുടെ ഭാഗമായാണ്ഓരോ പതിനായിരം ചുവടുകൾ പിന്നിടുമ്പോഴും സൈക്കിളിൽ 10 കിലോമീറ്റർ താണ്ടുമ്പോഴും കുട്ടികളുടെ ഹൃദയശസ്ത്രക്രിയക്കായി 100 രൂപ നീക്കിവെയ്ക്കുമെന്ന് ആസ്റ്റർ ഡിഎം ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. നിർധന കുടുംബങ്ങളിൽ ഹൃദയത്തിന് തകരാറുകളുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയക്ക് പണം സമാഹരിക്കുന്നതിനായി ആവിഷ്കരിച്ച പദ്ധതിയാണിത്.
എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ ഡോ. അജിലെസ് ബി നായർ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലെ ഡോ. രജീഷ് ചാക്കോ, ആസ്റ്റർ മെഡ്സിറ്റിയിലെ പീഡിയാട്രിക് കാർഡിയോളജി ഡോക്ടർ അന്നു ജോസ്, ആസ്റ്റർ മെഡ്സിറ്റി ഓപ്പറേഷൻസ് മേധാവി ധന്യ ശ്യാമളൻ, ബില്ലിംഗ് മേധാവി പമീല പീറ്റർ എന്നിവർ പങ്കെടുത്തു.