തിരുവനന്തപുരം: 30 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി യുവാവ് പള്ളിക്കല്‍ പൊലീസിന്റെ പിടിയിലായി. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്‌ക്കെത്തിച്ച എം.ഡി.എം.എയാണ് പിടിച്ചെടുത്തത്.തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്തിനടുത്തുള്ള കടമ്പാട്ടുകോണത്തുനിന്നാണ് യുവാവിനെ പിടികൂടിയത്. നാവായിക്കുളം ക്ഷേത്രത്തിന് സമീപം അമരാവതി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന അഖില്‍കൃഷ്ണനാണ് (24) അറസ്റ്റിലായത്.കടമ്പാട്ടുകോണം ഇലങ്കം ക്ഷേത്രത്തിന് സമീപം കുളമട റോഡില്‍ മയക്ക് മരുന്ന് വില്പനയ്ക്ക് കൊണ്ടുവരുന്നതായി പള്ളിക്കല്‍ പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.