ഹരിപ്പാട്: അഗതിമന്ദിരത്തിലെ അന്തേവാസികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടത്തിപ്പുകാരന്‍ അറസ്റ്റില്‍.കുമാരപുരം ഗ്രാമപഞ്ചായത്തിലെ എരിക്കാവ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തിലാണ് സംഭവമുണ്ടായത്. പന്ത്രണ്ട് അന്തേവാസികളാണ് ഇവിടെയുള്ളത്. സ്ഥാപനം നടത്തിപ്പുകാരനായ കായംകുളം സ്വദേശി സിറാജുദ്ദീനെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. സിറാജുദ്ദീന്‍ അന്തേവാസികളെ മര്‍ദിക്കുന്നത് പതിവാണ് എന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി നല്‍കിയ പരാതിയില്‍ സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.തങ്ങളെ സിറാജുദ്ദീന്‍ മര്‍ദിക്കുകയും എടിഎം കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുകയും ചെയ്തതായി അന്തേവാസികള്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. സാമൂഹ്യക്ഷേമ വകുപ്പിന്റെ അംഗീകാരം ഇല്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നതെന്നും പരിശോധനയില്‍ തെളിഞ്ഞു. അന്തേവാസികളുടെ അടുത്ത ഒരാഴ്ചത്തെ പരിപാലനം കുമാരപുരം ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഏറ്റെടുക്കും. ശേഷം ഇവരെ സാമൂഹ്യക്ഷേമ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റാനാണ് തീരുമാനം.
അഗതിമന്ദിരത്തില്‍ പഞ്ചായത്തംഗങ്ങളും ആശാവര്‍ക്കര്‍മാരും പാലിയേറ്റീവ് ജീവനക്കാരും എത്തുമ്പോൾ സിറാജുദ്ദീനെ ഭയന്ന് അന്തേവാസികള്‍ പരാതികളൊന്നും പറഞ്ഞിരുന്നില്ല. സിറാജുദ്ദീന്‍ സ്ഥലത്തില്ലായിരുന്ന സമയത്ത് ഇവര്‍ എത്തിയപ്പോഴാണ് തങ്ങള്‍ നേരിട്ട കൊടിയ മര്‍ദനത്തിന്റെ വിവരങ്ങള്‍ അന്തേവാസികള്‍ തുറന്നു പറയുന്നത്.