ഹരിയാന: പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വീട്ടില്‍ നിന്നും പണവും സ്വര്‍ണ്ണവും നഷ്ടമായിട്ടുണ്ട്.ഹരിയാനയിലെ ഷഹാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സന്തോഷി എന്നാണ് കൊല്ലപ്പെട്ട യുവതിയുടെ പേര്. ഭര്‍ത്താവ് സന്തോഷ് കുമാറിനും ഭര്‍തൃമാതാവിനുമൊപ്പം ഡിഎല്‍എഫ് കോളനിയിലാണ് യുവതി താമസിച്ചിരുന്നത്. കവര്‍ച്ചയ്ക്കിടയിലെ കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ബാത്റൂമിലാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ അലമാര തകര്‍ത്ത നിലയിലാണ്. എന്നാല്‍, മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി യുവതിയുടെ മാതാപിതാക്കളും രംഗത്തെത്തി. അതേസമയം, വിശദീകരണവുമായി ഭര്‍ത്താവും രംഗത്തെത്തിയിട്ടുണ്ട്. സന്തോഷിയും കുടുംബവും താമസിച്ചിരുന്ന കെട്ടിടത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തുന്നവര്‍ വെള്ളത്തിനായി സന്തോഷിയുടെ വീട്ടിലാണ് വന്നിരുന്നത്. ഇവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. വ്യാഴാഴ്ച്ച വൈകിട്ട് വെള്ളം കുടിക്കാനെന്ന വ്യാജേന ചിലര്‍ വീട്ടിലെത്തിയിരുന്നു. ഇവര്‍ എഴുപത് വയസ്സുള്ള തന്റെ അമ്മയെ തള്ളി മാറ്റി ഗര്‍ഭിണിയായ ഭാര്യയെ വലിച്ചിഴച്ച് മുറിയില്‍ കയറ്റി വാതില്‍ അടച്ചു. ഇവിടെ വെച്ച്, ഭാര്യയെ കൊലപ്പെടുത്തി രണ്ട് ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കടന്നു കളയുകയായിരുന്നു എന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍, ഇതെല്ലം വ്യാജ കഥകളാണെന്നാണ് യുവതിയുടെ വീട്ടുകാരുടെ പക്ഷം.