തിരുവനന്തപുരം: കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യഘട്ടമായി, കോട്ടയം മെഡിക്കൽ കോളജിൽ കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. മെഡിക്കൽ കോളജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുകയും, കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ പ്രാവർത്തികമാക്കുന്നതിന് ചർച്ചകൾ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുകയും ചെയ്തിരുന്നു.
കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണർ ഐ.സി.യു കൂടാതെ ഓപ്പറേഷൻ തീയറ്റർ എന്നിവ മാനദണ്ഡങ്ങൾ പ്രകാരം സജ്ജമാക്കി. മതിയായ ജീവനക്കാരെ ഏർപ്പെടുത്തി, പരിശീലനം പൂർത്തിയാക്കി വരികയാണ്. സ്വീകർത്താക്കളുടെ വിശദമായ ടെസ്റ്റുകളും മറ്റും പുരോഗമിക്കുന്നു.