നെടുങ്കണ്ടം: വ്യാജ നമ്പർ പ്ലേറ്റ് നിര്‍മിച്ച് ഇരുചക്ര വാഹനത്തില്‍ കറങ്ങി നടന്ന യുവാവ് പിടിയില്‍. ശരിക്കും ഈ നമ്പരിലുള്ള വാഹനത്തിന്റെ ഉടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പുഷ്‌പകണ്ടം തെള്ളിയില്‍ അല്‍ത്താഫ് (21) നെടുങ്കണ്ടം പോലീസിന്റെ പിടിയിലായത്.അല്‍ത്താഫ് ഉപയോഗിച്ച നമ്പർ പ്ലേറ്റിന്റെ യഥാര്‍ഥ ഉടമസ്‌ഥന്‍ തൃശൂര്‍ സ്വദേശി അനസായിരുന്നു. തുടര്‍ച്ചയായ ഗതാഗത നിയമലംഘനം ഉണ്ടായതോടെ അനസിന്റെ പേരില്‍ പിഴ ഈടാക്കാന്‍ മോട്ടര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയിരുന്നു. സംസ്‌ഥാനത്തെ നിരത്തുകളില്‍ മോട്ടര്‍ വാഹന വകുപ്പ് ക്യാമറ സ്‌ഥാപിച്ച് നിരീക്ഷണം നടത്തിയതോടെയാണ് പിഴ ഈടാക്കാന്‍ നടപടി ആരംഭിച്ചത്. തന്റെ വാഹനം നിയമ ലംഘനം നടത്തിയിട്ടില്ലാത്തതിനാല്‍ അനസ് വിവരം കണ്ടെത്താന്‍ നല്‍കിയ പരാതിയിലാണ് അല്‍ത്താഫ് വ്യാജ നമ്പർ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ അനസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പോലീസ് ശേഖരിക്കും.