കോഴിക്കോട്: വീട്ടമ്മയുടെ അക്കൗണ്ടില്‍ നിന്ന് അവരറിയാതെ 19 ലക്ഷം രൂപ പിൻവലിച്ച് അജ്ഞാതര്‍.മീഞ്ചന്ത ഫാത്തിമ മഹലില്‍ പി.കെ.ഫാത്തിമബിയുടെ അക്കൗണ്ടില്‍ നിന്നാണ് വൻ തുക നഷ്ടമായത്. ഫാത്തിമയുടെ പേരില്‍ ചെറൂട്ടി റോഡിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലുള്ള അക്കൗണ്ട് വഴിയാണ് വൻ തുകയുടെ തട്ടിപ്പു നടന്നത്.ജൂലൈ 24 നും സെപ്റ്റംബര്‍ 19 നും ഇടയില്‍ പല തവണകളായാണു പണം പിൻവലിച്ചിരിക്കുന്നത്. എടിഎം കാര്‍ഡോ ഓണ്‍ലൈൻ ഇടപാടോ ഇല്ലാത്ത അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. ഈ അക്കൗണ്ടില്‍ യുപിഐ ക്രിയേറ്റ് ചെയ്താണ് പണം പിൻവലിച്ചിരിക്കുന്നത്. കെട്ടിടവാടക ഇനത്തില്‍ ഫാത്തിമബിക്കു ലഭിക്കുന്ന തുകയാണ് ഈ അക്കൗണ്ടിലേക്കു വരുന്നത്. അക്കൗണ്ട് പരിശോധിക്കുകയോ പണം എടുക്കുകയോ ചെയ്യാറില്ലായിരുന്നു.കഴിഞ്ഞ ദിവസം ബാങ്കില്‍ മറ്റൊരു ആവശ്യത്തിനു പോയ മകൻ അബ്ദുല്‍ റസാഖ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് വാങ്ങി പരിശോധിച്ചപ്പോഴാണു പണം പിൻവലിച്ചതു മനസ്സിലായത്. ഉടൻ ബാങ്ക് അധികൃതരെ അറിയിച്ച് അക്കൗണ്ട് ഇടപാടുകള്‍ നിര്‍ത്തിവയ്പിച്ചു.