തിരുവന്തപുരം, ഫെബ്രുവരി 11ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ട്രസ്റ്റ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇൻ സൈറ്റോമെട്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ആരംഭിച്ചു. ഫെബ്രുവരി 11 മുതൽ 13 വരെ നീണ്ടുനില്ക്കുന്ന ഈ മൂന്നു ദിവസത്തെ വർക്ക്ഷോപ്പ്, ജീവശാസ്ത്രത്തിലും ക്ലിനിക്കൽ ഡയഗ്നോസറ്റിക്‌സിലും ഫ്ലോ സൈറ്റോമെട്രിയുടെ പ്രയോഗങ്ങൾ എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ, ചികിത്സകരെ ലക്ഷ്യമാക്കി ഒരുദിവസത്തെ തുടർ പഠന വൈദ്യപരിശീലന പരിപാടിയും അരങ്ങേറും.
വർക്ക്ഷോപ്പ് വിക്രം സാരാഭായി സ്പേസ് സെന്റർ ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്‌ണൻ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ബയോമെഡിക്കൽ ടെക്നോളജി വിംഗ് മേധാവി ഡോ. ഹരികൃഷ് വർമ്മ, കൂടാതെ ഡോ. അനുഗ്യ ഭട്ട്, ഡോ. രേഖ ഗൗർ, ഡോ. ലിസി കൃഷ്ണൻ, ഡോ. ഹേമന്ത്, ഡോ. അമിത ആർ എന്നിവരും മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 120-ത്തിലധികം പ്രതിനിധികൾ ഈ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നു.
ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബിഹാരി തന്റെ പ്രസിഡൻഷ്യൽ അഭിസംബോധനയിൽ, വൈദ്യശാസ്ത്ര ഗവേഷണത്തിലും ക്ലിനിക്കൽ ഡയഗ്നോസിസ് മേഖലയിലും ഫ്ലോ സൈറ്റോമെട്രിയുടെ നിർണായക പങ്കിനെ പറ്റി സംസാരിച്ചു. വൈദ്യശാസ്ത്ര ഗവേഷണവും രോഗ
പരിചരണവും കൂടുതൽ മികച്ചതാക്കുന്നതിനായി സാങ്കേതിക നവീകരണങ്ങൾക്കും സഹകരണ പരിശീലന പരിപാടികൾക്കുമുള്ള ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.
ഈ വർക്ക്ഷോപ്പ് ഗവേഷകരും അക്കാദമിക് വിദഗ്ദ്ധരും മേധാവികളുമായ പ്രമുഖരുമായി ആശയവിനിമയം നടത്താനും, പുതിയ സൈറ്റോമെട്രി സാങ്കേതിക വിദ്യകൾ അറിയാനും, അവയെ ഗവേഷണത്തിലും ക്ലിനിക്കൽ പ്രയോഗത്തിലും വിനിയോഗിക്കാനും ഒരുപാട് അവസരങ്ങൾ ഒരുക്കുന്നു. ഈ പരിശീലന പരിപാടിയിലൂടെ ലഭ്യമായ വിജ്ഞാനവും കഴിവുകളും മെച്ചപ്പെട്ട രോഗനിർണയത്തിനും വൈദ്യശാസ്ത്ര വികസനത്തിനും മഹത്തായ സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ.