തിരുവനന്തപുരം: റമദാന്‍ മുപ്പത് പൂര്‍ത്തിയാക്കി ഏവരും ഇന്ന് കേരളത്തില്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പുണ്യ ദിനത്തില്‍ എല്ലാ വിശ്വാസികള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം തന്റെ ആശംസകള്‍ അറിയിച്ചത്.
സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി നാട് ഒരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠനത്തിലൂടെയും ദാന കര്‍മ്മങ്ങളിലൂടെയും ഉയര്‍ത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തു മുന്നോട്ടു പോകാന്‍ ഈ സന്ദര്‍ഭം ഏവര്‍ക്കും പ്രചോദനമാകണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.’കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികള്‍ മറികടന്നു കേരളം മുന്നോട്ടു പോകുന്ന ഈ ഘട്ടത്തില്‍ ഐക്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും നാടിന്റെ നന്മയ്‌ക്കായി പ്രവര്‍ത്തിക്കാന്‍ നമുക്ക് സാധിക്കണം.