തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണി. ഞായറാഴ്ച രാത്രി വന്ന ഭീഷണി സന്ദേശത്തെ തുടര്‍ന്ന് പോലീസും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വന്‍സംഘം പ്രദേശത്ത് മണിക്കൂറുകളോളം വ്യാപക തിരച്ചില്‍ നടത്തി.സംഭവത്തില്‍ മാറനല്ലൂര്‍ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി 11 മണിയോടെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണിലൂടെ സന്ദേശമെത്തിയത്. സെക്രട്ടേറിയറ്റിന് പുറത്ത് ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു ഇതില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് കന്റോണ്‍മെന്റ് പോലീസ് ഡോഗ് സ്ക്വാഡിനെ വിളിച്ചുവരുത്തി പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു.തിരച്ചിലില്‍ നിന്നും ഒന്നും കണ്ടെത്താന്‍ കഴിയാതിരുന്ന പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളിച്ചയാളെ കണ്ടെത്തുകയായിരുന്നു. സന്ദേശം വന്ന് അര മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തി.