ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു.ആന്ധ്ര – ഒഡിഷ തീരത്തേക്ക് അസാനി നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 125 കിലോമീറ്ററാണ് അസാനി ചുഴലിക്കാറ്റിന്റെ വേഗം. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണം എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അസാനി ചുഴലിക്കാറ്റ് കേരള തീരങ്ങളെ ബാധിക്കില്ലെങ്കിലും ഇതിന്റെ ഫലമായി മഴ ലഭിക്കും. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. മധ്യകേരളത്തിലും മലയോര മേഖലകളിലും ആണ് മഴയ്ക്ക് സാദ്ധ്യത.
ഇന്നലെ പുലര്‍ച്ചെ 5.30ന് ആന്‍ഡമാന്‍ ദ്വീപുകളിലെ പോര്‍ട്ട് ബ്ലെയറില്‍ നിന്ന് 380 കിലോമീറ്റര്‍ പടിഞ്ഞാറ് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലാണ് ‘അസാനി’ ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തുടക്കത്തില്‍ 75 കിലോമീറ്ററായിരുന്നു വേഗം. ചൊവ്വാഴ്ചയ്ക്ക് ശേഷം അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറയും. വടക്കന്‍ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമ്ബോള്‍ അസാനി ചുഴലിക്കാറ്റ് ക്രമേണ ദുര്‍ബലമാകും.
അതേസമയം കേരളത്തില്‍ അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ ലഭിക്കുക.