കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. അമയന്നൂർ സ്വദേശി സുദീഷ്, ഭാര്യ ടിന്റു എന്നിവരാണ് മരിച്ചത്. കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.ഇന്ന് രാവിലെ ബന്ധുക്കൾ എത്തിയപ്പോഴാണ് ഇരുവരെയും വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടത്. ടിന്‍റുവിന്‍റെ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ ആയിരുന്നു. തുണികളിട്ട് മൂടിയ നിലയിൽ കട്ടിലിന് അടിയിൽ ആയിരുന്നു മൃതദേഹം. ഇരുകൈകളിലെയും ഞരമ്പ് മുറിച്ച് തൂങ്ങിയ നിലയിൽ ആയിരുന്നു സുദീഷിന്‍റെ മൃതദേഹം. വിദേശത്തായിരുന്ന സുദീഷ് നാട്ടിലെത്തിയത് രണ്ട് മാസം മുൻപാണ്. നഴ്സായ ഭാര്യയെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പക്ഷെ കുടുംബ പ്രശ്നമാണ് സംഭവത്തിന് പിന്നിൽ എന്നാണ് പൊലീസ് അനുമാനിക്കുന്നത്.സുധീഷും ഭാര്യയും മകനുമാണ് വീട്ടിൽ താമസിച്ചിരുന്നത് . കഴിഞ്ഞ ദിവസം മകനെ സുധീഷിന്റെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതിനാൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനകളും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.