നാദാപുരം: വേനല്‍മഴ ആരംഭിച്ചതോടെ ഡെങ്കിപ്പനി ബാധയും വര്‍ധിച്ചു. നാദാപുരത്ത് ആദ്യ ഡെങ്കു കേസ് റിപ്പോര്‍ട്ട് ചെയ്തു.മൂന്നാം വാര്‍ഡിലെ ഇയ്യങ്കോട്ട് 30 വയസ്സുള്ള യുവതിക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് പൊതുജനാരോഗ്യ വിഭാഗം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾ ഊര്‍ജിതമാക്കി.
ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത വീട്ടില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കൊതുകിന്റെ ഉറവിട ശേഖരങ്ങള്‍ കണ്ടെത്തി. കൂടാതെ വിഷ്ണുമംഗലം പുഴയുടെ വെള്ളം വറ്റിയ ഭാഗങ്ങളില്‍ പാറമടകളിലും കൊതുകിന്റെ കൂത്താടികളെ കണ്ടെത്തി. ലാര്‍വകളെ നശിപ്പിക്കാനുള്ള സ്പ്രേയിങ് ആരംഭിച്ചു.
ആശാവര്‍ക്കര്‍മാര്‍, മറ്റ് സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായത്തോടെ വീടുകളില്‍ പരിശോധനക്ക് സംവിധാനമൊരുക്കി. വീടുകളില്‍ കൊതുകുകള്‍ വളരുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കെതിരെയും പകര്‍ച്ചവ്യാധികള്‍ യഥാസമയം ആരോഗ്യ വിഭാഗത്തെ അറിയിക്കാതിരിക്കുകയും ചെയ്യുന്നവരുടെയും പേരില്‍ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി ഡോക്ടര്‍ എം. ജമീലയും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരിയും അറിയിച്ചു.കൊതുക് നശീകരണവും, കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുകയുമാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗം. കടുത്ത പനി, തലവേദന, പേശികളിലെയും സന്ധികളിലെയും വേദന, തൊലിപ്പുറത്തെ തിണര്‍പ്പുകള്‍ എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പനി ശക്തമാകുമ്ബോള്‍ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുന്നത് രക്തസ്രാവത്തിന് ഇടയാക്കും.