കല്‍പറ്റ: ഭാര്യയെ കഴുത്തില്‍ തോര്‍ത്തുമുറുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവിനു കോടതി ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പനമരം കാരക്കാമല കാഞ്ഞായി മജീദിനെ (52) ആണ് ഭാര്യ സുഹറ(40)യെ കൊലപ്പെടുത്തിയ കേസില്‍ ജില്ല അഡീഷനല്‍ സെഷന്‍സ് കോടതി (രണ്ട്) ശിക്ഷിച്ചത്.പ്രതി കുറ്റക്കാരനാണെന്നു കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു. 2016 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ വീട്ടില്‍നിന്നു കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ എത്തിയപ്പോള്‍ കഴുത്തില്‍ തോര്‍ത്തു മുറുകി അനക്കമറ്റ നിലയിലായിരുന്നു സുഹറ. അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് മരണം സ്ഥിരീകരിച്ചു.കൊലപാതകമാണെന്ന സംശയത്തില്‍ മജീദിനെ കസ്റ്റഡിയിലെടുത്തു. വഴക്കിനിടെ സുഹ്റ കഴുത്തില്‍ തോര്‍ത്ത് മുറുക്കി ആത്മഹത്യ ചെയ്തുവെന്നാണ് മജീദ് പൊലീസിനു ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, വിശദമായ ചോദ്യംചെയ്യലില്‍ സുഹറ കഴുത്തില്‍ ചുറ്റിയ തോര്‍ത്തിന്റെ അഗ്രഭാഗങ്ങളില്‍ പിടിച്ചുവലിച്ചതായി സമ്മതിച്ചു.
ചാകുമെന്ന് പറഞ്ഞ് സുഹറ കഴുത്തില്‍ ചുറ്റിയ തോര്‍ത്തില്‍, കൊന്നുതരാമെന്നു പറഞ്ഞാണ് പിടിച്ചുവലിച്ചതെന്നായിരുന്നു മജീദ് വെളിപ്പെടുത്തിയത്. കുരുക്ക് മുറുകി കട്ടിലില്‍ വീണ സുഹറയെ മജീദ് വിളിച്ചപ്പോള്‍ അനക്കം ഉണ്ടായിരുന്നില്ല. പിന്നീട് കുട്ടികളെക്കൊണ്ട് വിളിപ്പിച്ചതും വെറുതെയായി. അന്നത്തെ മീനങ്ങാടി സി.ഐ എം.വി. പളനിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്.