വയനാട് : മോഷ്ടിക്കുന്ന ഫോണുകളിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്ന യുവാവിനെ സുല്‍ത്താന്‍ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പാതിരാപുരം മുളയ്ക്കല്‍ നവാസ് (33) ആണ് പിടിയിലായത്. മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുകയും അതില്‍നിന്ന് സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ് ഇയാളുടെ പതിവെന്ന് പൊലീസ് പറയുന്നു.
വിളിക്കുന്ന സ്ത്രീകളോട് പൊലീസാണെന്ന് പറഞ്ഞാണ് നവാസ് പരിചയപ്പെടുക. സുല്‍ത്താന്‍ ബത്തേരി സ്റ്റേഷന്‍ പരിധിയില്‍ മുഹമ്മദ് അസ്‌ലം എന്നയാളെ പൊലീസ് ആണെന്ന് പറഞ്ഞ് വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. പരാതി അന്വേഷിക്കാനായി ഫോണില്‍ വിളിച്ച വനിതാപൊലീസിനോടും ഇയാള്‍ അസഭ്യം പറഞ്ഞു. തുടര്‍ന്നായിരുന്നു അറസ്റ്റ്.
ആളുകളുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ശേഷം ആ ഫോണുപയോഗിച്ച് സ്ത്രീകളെ നിരന്തരം വിളിച്ച് അശ്ലീലം സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നും പൊലീസുകാരനെന്ന വ്യാജേനയാണ് ഇയാള്‍ തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നതെന്നും സുല്‍ത്താന്‍ ബത്തേരി പോലീസ് പറഞ്ഞു. കോട്ടയത്തു നിന്നാണ് പ്രതിയെ പിടികൂടിയത്.