പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയിലെ മലയാളിവിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിനി മരിച്ചു.രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഒന്നാംവര്‍ഷ എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും കോഴിക്കോട് രാമനാട്ടുകര പുതുപറമ്ബത്ത് എം.കെ. പ്രേമരാജിന്റെയും കെ.പി. ശാലിനിയുടെയും മകളുമായ അരുണിമ പ്രേം (22) ആണ് മരിച്ചത്. സഹപാഠികളായ അഭിരാമിയും വിമല്‍ വ്യാസും ചികിത്സയിലാണ്.
ചൊവ്വാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്. വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുച്ചേരി-തമിഴ്നാട് അതിര്‍ത്തിയിലുള്ള ബോമ്മയാര്‍പാളയത്തുവെച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍തന്നെ ജിപ്മര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അരുണിമയെ രക്ഷിക്കാനായില്ല.കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയായ അഭിരാമി ജിപ്മറില് ചികിത്സയിലാണ്. സാരമായി പരിക്കേറ്റ വിമല്‍ വ്യാസ് പോണ്ടിച്ചേരി ഗവ. ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്.
അപകടത്തില്‍പ്പെട്ട കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിട്ടുണ്ട്. അരുണിമയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും. കാലാപ്പെട്ട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരുണിമയുടെ മരണത്തില്‍ എസ്.എഫ്.ഐ. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി യൂണിറ്റ് അനുശോചിച്ചു.