തിരുവനന്തപുരം : ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും കഴഞ്ഞ ഓണക്കാലത്ത് ബോണസ് ആദ്യ ഘട്ടം ലഭിക്കുകയും രണ്ടാം ഘട്ടം ലഭിക്കാതെ വന്നിട്ടുള്ള ലോട്ടറി തൊഴിലാളികൾക്ക് ഉടൻ കുടിശിക വിതരണം ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും ധനവകുപ്പിൽ നിന്നുള്ള ചില സാങ്കേതിക പ്രശ്നങ്ങളാണ് വിതരണത്തിന് കാലതാമസം വരുത്തിയതെന്നും ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ . എസ് പറഞ്ഞു. ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ (എ ഐ ടി യു സി ) സംസ്ഥാന ഭാരവാഹികൾ വിവിധ വിഷയങ്ങൾ ഉന്നയിച്ച് നൽകിയ നിവേദനം ചർച്ച ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെറ്റ് ലോട്ടറി, ചൂതാട്ടം, ഓൺലൈൻ വില്പന , എഴുത്തുലോട്ടറി ഉൾപ്പെടെ ഈ രംഗത്ത് ജനങ്ങളെ കബളിപ്പിക്കുന്ന കച്ചവടത്തിനെതിരെ കർശന നടപടി കൈക്കൊള്ളുന്നതിനും കടുത്ത ശിക്ഷകൾ നൽകുന്നതിനുള്ള നിയമപരിഷ്കരണം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടറുടെ പരിധിയിൽ വരുന്ന വിഷയങ്ങൾ പരിഹരിക്കുവാൻ നടപടി കൈക്കൊള്ളുമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുള്ള മുഖവില വർദ്ധിപ്പിച്ച ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി സംബദ്ധവും മറ്റു വിഷയങ്ങളും സർക്കാരിന്റെയും ധനവകുപ്പിന്റെയും ക്ഷേമബോർഡിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ഡയറക്ടർ പറഞ്ഞു. ചർച്ചയിൽ സംസ്ഥാന ക്ഷേമ ബോർഡ് ഓഫീസർ സ്റ്റെഫീന റോഡ്രിഗ്രസ് ,
യൂണിയൻ പ്രസിഡന്റ് കെ എസ് ഇന്ദുശേഖരൻ നായർ, ജനറൽ സെക്രട്ടറി വി ബാലൻ, വർക്കിംഗ് പ്രസിഡന്റ് പി എം ജമാൽ, സെക്രട്ടറിമാരായ ബാബു കടമക്കുടി, സനൽകുമാർ വട്ടിയൂർക്കാവ്, വൈസ് പ്രസിഡന്റ് ഷാജി ഇടപ്പള്ളി എന്നിവരുമാണ് ചർച്ചകളിൽ പങ്കെടുത്തത്