തൃക്കാക്കര: തൃക്കാക്കരയിലെ ജനങ്ങള്‍ ആര്‍ക്കൊപ്പമാണെന്ന് നാളെ അറിയാം. നാളെ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. മഹാരാജാസ് കോളജിലാണ് വോട്ടെണ്ണല്‍. എട്ടരയോടെ ആദ്യ സൂചനയും ഉച്ചയാകുമ്പോഴേക്കും അന്തിമ ഫലവും അറിയാനാകും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പോളിങ് ശതമാനം വളരെ കുറവാണെങ്കിലും വിജയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളും.പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ് ആദ്യം എണ്ണുക. അതിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകളാണ് എണ്ണുന്നത്. ഒമ്പത് മണിയോടെ തൃക്കാക്കരയിലെ ജനമനസ്സ് ഏത് വശത്തേക്കാണ് ചായുന്നത് എന്നതിന്റെ ചിത്രം വ്യക്തമാകും. ഉച്ചയോടെ പുതിയ ജനപ്രതിനിധി ആരാണെന്ന് അറിയാം.